പതിനാറാം നൂറ്റാണ്ട് മുതൽ വാകത്താനം പ്രദേശത്തുള്ള മലങ്കര സഭാംഗങ്ങൾ പുതുപ്പള്ളി വലിയ പള്ളിയിലാണ് കൂടി വന്നിരുന്നത്. വാകത്താനം വെള്ളത്തുരുത്തി പാത്താമുട്ടം പ്രദേശങ്ങളിലുണ്ടായിരുന്നവർ ആരാധനയിൽ പങ്കെടുക്കാനുള്ള സൗകര്യത്തെ മുൻനിർത്തി 1847 ൽ വാകത്താനം സെൻ്റ് ജോൺസ് വലിയ പള്ളി സ്ഥാപിച്ചു. കാലക്രമേണ വലിയപള്ളിയിൽ കൂടി വന്ന പള്ളിക്ക് തെക്കുഭാഗത്തുള്ള സഭാംഗങ്ങൾ യാത്രാക്ലേശം ഒഴിവാക്കാനായി അന്ന് നല്ലൊരു വ്യാപാരകേന്ദ്രമായിരുന്ന പുത്തൻചന്ത കേന്ദ്രീകരിച്ച് ഒരു ദേവാലയം സ്ഥാപിക്കണമെന്ന് ചിന്തിച്ചു തുടങ്ങി.
പുത്തൻചന്തയിൽ ഒരു ദേവാലയം എന്ന ആഗ്രഹം സാക്ഷാത്കരിക്കാൻ ചിറത്തലാട്ട് കിഴക്കേത്തലയ്ക്കൽ നൈനാൻ വറുഗീസ് ദാനമായി ഒരേക്കർ സ്ഥലം നൽകി അനുവാദം ലഭിച്ചതനുസരിച്ച് കൂട്ടുങ്കൽ ഗീവറുഗീസ് റമ്പാൻ്റെ നേതൃത്വത്തിൽ ചിറത്തലാട്ട് ചാണ്ടി നൈനാൻ, നൈനാൻ നൈനാൻ, നൈനാൻ ഈശോ, തെക്കേൽ ഇട്ടിഇത്താക്ക്, കൈതയിൽ ചാക്കോ വറുഗീസ്, പഴഞ്ചിറ ചെറിയതു കുര്യൻ തുടങ്ങിയവരുടെ സഹകരണത്തിൽ പൂർത്തീകരിച്ച പ. മാതാവിൻ്റെ നാമത്തിലുള്ള ദേവാലയത്തിൽ 1932 ഡിസംബർ മാസം 1-ാം തീയതി മിഖായേൽ മാർ ദീവന്നാസിയോസ് മെത്രാപ്പോലീത്താ പ്രഥമ ബലി അർപ്പിച്ചു, തുടർന്ന് പരേതനായ ഇടത്തറയേശു കത്തനാർ, മ്യാലിൽ കുര്യാക്കോസ് കത്തനാർ, ചെറുവള്ളിൽ സി.വി എബ്രഹാം കത്തനാർ, താഴത്തുണ്ടിൽ ജോൺ കത്തനാർ തുടങ്ങിയ വൈദീക ശ്രേഷ്ഠർ വിവിധ കാലഘട്ടങ്ങളിലായി വികാരിമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ചിറത്തിലാട്ട് നൈനാൻ നൈനാൻ പ്രഥമ കൈസ്ഥാനിയായിരുന്നു.
പുത്തൻചന്ത സെൻ്റ് മേരീസ് പള്ളിയുടെ തുടർന്നുള്ള ചരിത്രവും വളർച്ചയും, യശ്ശ:ശരീരനായ ചിറത്തലാട്ട് സി.വി ജോർജ്ജ് കോർ എപ്പിസ്കോയുടെ ജീവചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. 1913 ൽ ജനിച്ച അച്ചൻ വള്ളിക്കാട്ട് ദയാറായിൽ നിന്ന് വി. മാമോദീസാ സ്വീകരിച്ചു. 12-ാം ത്തെ വയസ്സിൽ വള്ളിക്കാട്ട് ദയറായിൽ കബറടങ്ങിയ മലങ്കര സഭയുടെ രണ്ടാമത്തെ കാതോലിക്ക പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ് പ്രഥമൻ ബാവായുടെ അടുക്കൽ വൈദിക പഠനത്തിന് തുടക്കം കുറിച്ചത് അച്ചൻ്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. സ്കൂൾ ഫൈനൽ കഴിഞ്ഞ് പ. ബാവാതിരുമേനിയിൽ നിന്നും പട്ടം സ്വീകരിക്കുവാൻ ആഗ്രഹിച്ചിരുന്നെങ്കിലും ബാവാ തിരുമേനി രോഗബാധിതനായി പെട്ടെന്ന് കാലം ചെയതതു മൂലം അതിന് കഴിഞ്ഞില്ല. അതുകൊണ്ട് തുടർ പഠനത്തിന് അച്ചൻ പോകുകയും BALT ബിരുദം നേടുകയും ചെയതു. പിന്നീട് ചിറത്തിലാട്ട് കുടുംബവുമായി ബന്ധമുണ്ടായിരുന്ന കൂട്ടുങ്കൽ ഗീവറുഗ്ഗീസ് റമ്പാച്ചൻ്റെ നിർദ്ദേശമനുസരിച്ച് തൃക്കോതമംഗലം ദയറായിൽ ചേരുകയും തുടർന്ന് മിഖായേൽ മാർ ദീവന്നാസിയോസ് തിരുമേനിയിൽ നിന്ന് 1943 ൽ വൈദിക പട്ടം സ്വീകരിച്ച് മാതൃ ഇടവകയിൽ പ്രഥമ ബലി അർപ്പിച്ചു. പഴയ ദേവാലയം പുതുക്കി പണിയണമെന്ന് ഇടവകാംഗങ്ങളുടെ ആഗ്രഹപ്രകാരം 1953 ജനുവരി 7-ാം തീയതി പുതിയ ദേവാലയത്തിൻ്റെ ശിലാസ്ഥാപന കർമ്മം ഞാറക്കുളത്ത് ബഹു. യാക്കോബ് റമ്പാച്ചൻ നിർവ്വഹിച്ചു. 1957 ൽ പള്ളിയുടെ രജതജൂബിലി പൗലോസ് മാർ പീലക്സീനോസ് തിരുമേനിയുടെ പ്രധാന നേതൃത്വത്തിൽ ആഘോഷിക്കപ്പെടുകയുണ്ടായി. 1943 മുതൽ 1958 വരെ പാത്രിയർക്കീസ് പക്ഷത്തോടൊപ്പം നിന്ന അച്ചനും ഇടവകയും 1958 ലെ സുപ്രീം കോടതി വിധിയെ തുടർന്ന് യോജിച്ച സഭയുടെ ഭാഗമായി. 1966 ജനുവരി 6-ാം തീയതി നടന്ന പുതുക്കിപ്പണിത ദേവാലയത്തിൻ്റെ കൂദാശ കർമ്മം ഇടവകയെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ അനുഭവമായി. പരിശുദ്ധ കാതോലിക്ക മോറാൻ മാർ ബസ്സേലിയോസ് ഔഗേൻ പ്രഥമൻ ബാവ, ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാർ ഈവാനിയോസ് തിരുമേനി, മാത്യൂസ് മാർ അത്താനാസിയോസ് തിരുമേനി (പിൽകാലത്ത് പ. ബസ്സേലിയസ് മാർത്തോമ്മ മാത്യൂസ് പ്രഥമൻ കാതോലിക്കാബാവ) ക്നാനായ ഭദ്രാസനത്തിൻ്റെ ഏബ്രാഹാം മാർ ക്ലിമ്മീസ് തിരുമേനി എന്നിവരുടെ കാർമ്മികത്വത്തിലാണ് പുതിയ ദേവാലയത്തിൻ്റെ കൂദാശ കർമ്മം നടന്നത്. എന്നാൽ 1970 ആയപ്പോൾ സഭയിൽ വീണ്ടും ഭിന്നിപ്പും കക്ഷി വഴക്കുകളും ആരംഭിച്ചു. ഒപ്പം നിന്ന പല വൈദീകരും അൽമായ സുഹൃത്തുകളും യാക്കോബയെ പക്ഷത്തേക്ക് മാറിയെങ്കിലും വന്ദ്യനായ സി.വി ജോർജ്ജ് കോർ എപ്പിസ്കോപ്പാ 1958 ൽ എടുത്ത തീരുമാനം ശരിയെന്ന ഉറച്ച ബോധ്യത്തോടെ ഓർത്തഡോക്സ് പക്ഷത്ത് സത്യവിശ്വാസ പാതയിൽ പാറപോലെ ഉറച്ചു നിന്നു. ഇടവകക്കാരിൽ പലരും പ്രത്യേകിച്ച് സ്വന്തം കുടുംബത്തിൽപ്പെട്ടവർ പോലും മറുവിഭാഗത്തോട് താല്പര്യം പുലർത്തിയെങ്കിലും അച്ചൻ്റെ ഉറച്ച നിലപാടുകൾ ഇടവകയിലെ ബഹു ഭൂരിപക്ഷത്തെയും അച്ചൻ എടുത്തിരുന്ന നിലപാടിൽ ഉറപ്പിച്ച് നിർത്താൻ കഴിഞ്ഞു.
തൻ്റെ ഇഹലോകവാസം അവസാനിക്കാറായി എന്ന് മനസ്സിലാക്കിക്കൊണ്ട് വല്യച്ചൻ പിൻഗാമിയായി ഇടവകയിൽ ഒരു പട്ടക്കാരൻ ഉണ്ടാവണമെന്നു ആഗ്രഹിച്ചു. അതിൻ്റ പൂർത്തീകരണമെന്നവണ്ണം 1993 ൽ ചിറത്തലാട്ട് സി. ജോൺ ഓർത്തഡോക്സ് സഭയുടെ ഒരു വൈദീകനായി വാഴിക്കപ്പെട്ടു. സ്റ്റേറ്റ് ബാങ്ക് മാനേജരായി പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നീട് പൂർണ്ണസമയം വൈദീകശുശ്രൂഷയ്ക്കു വേണ്ടി മാറ്റിവെച്ചു. തുടർന്നുള്ള ഇടവകയുടെ ചരിത്രം അച്ചനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇടവകയുടെ പ്രവർത്തനങ്ങളിൽ ശക്തമായ നേതൃത്വം നൽകുന്നതിനൊപ്പം കോട്ടയം ഭദ്രാസനത്തിലെ പ്രധാന പള്ളികളായ പുതുപ്പള്ളി വലിയപള്ളി, നിലയ്ക്കൽ പള്ളി, വാകത്താനം വലിയപള്ളി, പാത്താമുട്ടം സ്ലീബാപള്ളി, പാത്തമുട്ടം സെന്റ് മേരീസ് ചാപ്പൽ, പുത്തൻചന്ത സെൻ്റ് ജോർജ്ജ് പള്ളി, എന്നീ ദേവാലയങ്ങളുടെ വികാരിയായി സ്തുത്യർഹമായി പ്രവർത്തിച്ചു. അതോടൊപ്പം കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, ഭദ്രാസന മാർത്തമറിയം സമാജം വൈസ് പ്രസിഡന്റ്, പീരുമേട് എം.ഒ.സി എൻജീനീയറിംഗ് കോളേജ് ഡയറക്ടർ, എം.ഒ.സി കോളേജ്, കാതോലിക്കേറ്റ് ആന്റ് എം.ഡി സ്കൂൾ എന്നീ സമതികളുടെ ഗവേണിംഗ് ബോർഡ് അംഗം എന്നിങ്ങനെ വ്യത്യസ്ത ചുമതലകൾ ഭംഗിയായി നിർവ്വഹിച്ചു. 2018 ഏപ്രിൽ 4 ന് പാമ്പാടി ദയാറായിൽ വെച്ച് പരിശുദ്ധ ബസ്സേലിയോസ്സ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ അച്ചനെ കോർ എപ്പിസ്കോപ്പയായി വാഴിച്ചു. ഇടവക ശുശ്രൂഷയിൽ നിന്ന് റിട്ടയർമെൻ്റ സ്വീകരിച്ച് അച്ചൻ കോട്ടയം മെഡിക്കൽ കോളേജിനോട് ചേർന്നുള്ള കാരുണ്യാ നിലയത്തിൻ്റയും, വാകത്താനം കൺവെൻഷൻ്റെയും പ്രവർത്തനങ്ങളിലും വാകത്താനത്തെ പൊതു പ്രവർത്തനങ്ങളിലും നല്ല നേതൃത്വമായി ഇപ്പോഴും പ്രവർത്തിക്കുന്നു.
1973 ൽ സി.വി ജോർജ്ജ് കോർ എപ്പിസ്കോപ്പായുടെ ഷഷ്ടി പൂർത്തി ആഘോഷങ്ങൾ ഇടവക ഭംഗിയായി നടത്തി. പ. ബസ്സേലിയോസ്സ് മാർത്തോമ്മ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായോടും പ. മാത്യൂസ് ദ്വിതീയൻ ബാവായോടും ഇടവക നല്ല ബന്ധം സൂക്ഷിച്ചു പോന്നു. 1995 ലെ സുപ്രീംകോടതി വിധി സി.വി ജോർജ്ജ് അച്ചന്റെ നിലപാടുകളെ ശരിവെക്കുന്നതായിരുന്നു.
2006 ൽ ഇടവകയിൽ നിന്ന് പിൻമുറക്കാരനായി ഒരു വൈദീകൻ കൂടിയുണ്ടായി. ചിറത്തലാട്ട് സി. ജോൺ കോർ എപ്പിസ്കോപ്പായുടെ പുത്രൻ ലിജേഷ് ചിറത്തലാട്ട് ഭാഗ്യസ്മരണാർഹനായ ഗീവറുഗീസ് മാർ ഈവാനിയോസ് തിരുമേനി ശെമ്മാശു പട്ടവും വൈദികപട്ടവും നൽകി. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച കാലം (1994) മുതൽ ഈവാനിയോസ് തിരുമേനിയുടെ ശിഷ്യത്വം സ്വീകരിച്ച് ഞാലിയാകുഴി ദയറായുടെ ഭാഗമായിരുന്നു ലിജേഷ്. ഗുരു ശ്രേഷ്ഠനായ ഈവാനിയോസ് തിരുമേനിയെ ശുശ്രൂഷിക്കാനുള്ള ഭാഗ്യവും. ഞാലിയാകുഴി ദയറായെ പ്രാർത്ഥനാ സങ്കേതമായി തെരെഞ്ഞെടുത്ത പ.പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ വാത്സല്യവും സഖറിയ നൈനാനച്ചന് ലഭിച്ചു. ദയറായുടെ വിവിധ ചുമതലകളോടൊപ്പം മലങ്കര സഭാ മാസികയുടെ ചീഫ് എഡിറ്റർ, അഖില മലങ്കര വൈദികസംഘം ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഏതാണ്ട് പതിനഞ്ചോളം പുസ്തകങ്ങളും രചിച്ചു. 2022 ഫെബ്രുവരി 25-ാം തീയതി നടന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ മെത്രാപ്പോലീത്താസ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുത്ത ഏഴു പേരിൽ ഏറ്റവും പ്രായം കുറഞ്ഞ വൈദീകനായി. 2022 ജൂലൈ 2ന് പരുമല സെമിനാരിയിൽ വെച്ച് പ. ബസ്സേലിയോസ്സ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ റമ്പാനായി വാഴിച്ചു. തുടർന്ന് ജൂലൈ 28 ന് ചരിത്ര പ്രസദ്ധമായ പഴഞ്ഞി സെന്റ് മേരീസ് പള്ളിയിൽ വെച്ച് ആറു പേരൊടൊപ്പം മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു. നാട് ഏറെ സന്തോഷിച്ച ആ ചടങ്ങുകളിലെല്ലാം ഇടവകാംഗങ്ങൾ പ്രത്യേകം ക്രമീകരണങ്ങളോടെ പങ്കെടുത്തു. പരിശുദ്ധ ബാവാ തിരുമേനിയുടെ കല്പനപ്രകാരം 2022 നവംബർ 3 മുതൽ ഇടുക്കി ഭദ്രാസനത്തിൻ്റെ മെത്രാപ്പോലീത്തയായി സേവേറിയോസ് തിരുമേനി ചുമതലയേറ്റു പ്രവർത്തിച്ചു വരുന്നു. 2022 ജൂലൈ 31 ന് അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്ക് ഇടവക നൽകിയ അനുമോദനം മറ്റൊരു ചരിത്ര നിമിഷമായി മാറി.
2007 ജനുവരി 7 ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഇടുക്കി ഭദ്രാസനത്തിൻ്റെ ഭാഗ്യസ്മരണാർഹനായ ഔഗേൻ മാർ ദീവാന്നാസിയോസ് ഉദ്ഘാടനം ചെയ്തു പ്രൊഫ. എൻ ജയരാജ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. 2008 ജനുവരി പെരുന്നാളിനോടനുബന്ധിച്ച് നടന്ന ചരിത്ര പ്രധാനമായ ജൂബിലി സമാപന സമ്മേളനത്തിൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പലീത്തായുമായ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവ, നിരണം ഭദ്രാസനത്തിന്റെ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ, പ്രൊഫ. എൻ ജയരാജ് എം.എൽ.എ എന്നിവർ പങ്കെടുത്തു.
ഇടവകയുടെ അഭിമാനമായി പ്രവർത്തിച്ച അൽമായ പ്രമുഖനാണ് സി.എൻ.ജി എന്ന ചിറത്തലാട്ട് ശ്രീ സി.എൻ ജോർജ്ജ്. കൺസ്ട്രക്ഷൻ മേഖലയിൽ പ്രവർത്തിച്ച് തുടങ്ങിയ അദ്ദേഹം രാഷ്ട്രപുനർനിർമ്മാണ ചരിത്രത്തിലും, ഇന്ത്യൻ വ്യവസായ രംഗത്തും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചു. ലേബർ വെൽഫയർ ബോർഡ് അംഗം, മലങ്കര സഭാ മാനേജിംഗ് കമ്മറ്റിയംഗം, വർക്കിംഗ് കമ്മറ്റിയംഗം, മലങ്കര മെത്രാപ്പോ ലീത്തയുടെ ഉപദേശകസമിതിയംഗം, പീരുമേട് ബസ്സേലിയോസ്സ് എൻജിനീയറിംഗ് കോളേജ് ഗവേണിംഗ് ബോർഡ് അംഗം, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. സഭയുടെ പ്രധാന ചുമതലകളിൽ പ്രവർത്തിക്കുമ്പോഴും ഇടവകയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ നേതൃത്വമായിരുന്നു. ഒന്നിലധികം തവണ ഇടവക ട്രസ്റ്റിയായും ദേവാലയത്തിൻ്റെ സുവർണ്ണ ജൂബിലി, പ്ലാറ്റിനം ജൂബിലി, സി.വി ജോർജ്ജ് അച്ചൻ്റെ ഷഷ്ടി പൂർത്തി ആഘോഷങ്ങൾ എന്നിവയുടെ പ്രധാന നേതൃത്വമായും പ്രവർത്തിച്ചു. 2011ൽ പൂർത്തീകരിച്ച ദേവാലയത്തിൻ്റെ പുതുക്കിപണി ജോലികളുടെ ജനറൽ കൺവീനറും അദ്ദേമായിരുന്നു. ഇടവകയുടെയും സമൂഹത്തിൻ്റെയും പ്രവർത്തനങ്ങളിൽ നെടുംതൂണായി നിലനിന്ന സി.എൻ.ജി 2012 ലാണ് ദൈവസന്നിധിയിലേക്ക് മടങ്ങിപ്പോയത്.
2012 ൽ പള്ളിയുടെ 80-ാം വാർഷികത്തോടൊപ്പം പള്ളിക്ക് മനോഹാരിത നൽകിക്കൊണ്ട് വികാരിയായിരുന്ന വന്ദ്യ ഡോ. ജേക്കബ് കുര്യൻ അച്ചൻ്റെ നേതൃത്വത്തിൽ ദേവാലയത്തിൻ്റെ പുതുക്കിപണി ജോലികൾ പൂർത്തികരിച്ചു.
2017 ലെ സുപ്രീം കോടതി വിധി മലങ്കര സഭ ഒന്നേയുള്ളുവെന്ന് അടിവരയിട്ടു പ്രസ്താവിച്ചു. “ഒരു ഇടയനും ആടുകളും“ എന്ന സി.വി ജോർജ്ജ് അച്ചൻ്റെ ചിന്തകളുടെ സാക്ഷാത്കാരമായിരുന്നു നിർണ്ണായകമായ സുപ്രീം കോടതിയുടെ അന്തിമവിധി.
സി.വി ജോർജ് കോർ എപ്പിസ്കോപ്പായ്ക്ക് ശേഷം ഫാ. ഇ.കെ ജോർജ് ഇഞ്ചക്കാട്ട്, ഫാ. പി.സി ജോൺസൺ ഫാ. വി.എം ഏബ്രഹാം വാഴ്ക്കൽ, ഫാ. ഡോ. എം.പി ജോർജ്, ഫാ. ഡോ. ജേക്കബ് കുര്യൻ, ഫാ. സി.ജോൺ കോർ എപ്പിസ്കോപ്പാ, ഫാ. ജോസഫ് കിളിരൂർപറമ്പിൽ, ഫാ. ഫിലിപ്പോസ് കരിനാട്ട് എന്നീ വൈദിക ശ്രേഷ്ഠർ ഇടവക വികാരിമാരായി സേവനം ചെയ്തു പ. പൗലോസ് ദ്യിതീയൻ ബാവാ തിരുമേനിയുടെ ഓഫീസ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പാലാ സെൻ്റ് മേരീസ് പള്ളി മനോഹരമായി പുനർ നിർമ്മിച്ച കരുവാറ്റ സ്വദേശി അലകസ് ജോൺ അച്ചനാണ് നവതി കാലഘട്ടത്തിൽ ഇടവകയെ നയിക്കുന്നത്.
കാതോലിക്കാ സിംഹാസനത്തിന് കീഴിൽ പ. ബസ്സേലിയോസ്സ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ ഭരണത്തിൽ കോട്ടയം ഭദ്രാസനത്തിൻ്റെ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് മെത്രാപ്പോലീത്തായോട് ചേർന്ന് ശ്രദ്ധേയവും മാതൃകാപരവുമായ ദേവാലയമായി പുത്തൻചന്ത സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളി ശോഭിക്കുന്നു.
© 2023 St. Mary's Orthodox Church Puthenchantha. All rights reserved.